പരിണാമങ്ങള്‍ പോളിടെക്നിക്കില്‍ നിന്നും സിവില്‍ എഞ്ചിനീയര്‍ ഡിപ്ലോമ നേടിയ ഒരു സുഹൃത്ത് ഗള്‍ഫില്‍ വന്നപ്പോള്‍ സംഭവിച്ച പല പരിണാമങ്ങളാണ് എന്റെ ഈ അനുഭവകഥയിലുള്ളത്.
സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കരസ്ഥമാക്കിയ അയാള്‍ ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെത്തിയത്. പണം വാങ്ങിയ ഏജന്റ് മുഖേന ഡ്രാഫ്റ്റ്സ്മാന്‍ വിസയിലെത്തിയ അയാള്‍ക്ക് പക്ഷേ ' ആട്ടോകാഡ് ' എന്ന കംപ്യൂട്ടറൈസിഡ് ഡ്രാഫ്റ്റിംഗ് പ്രാവീണ്യമില്ലാത്തതിനാല്‍ ഈജിപ്ഷ്യന്‍ എഞ്ചിനീയറായ കമ്പനിയുടമ അയാളെ സൈറ്റ് സൂപ്പര്‍ വൈസറായി നിയമിച്ചു.
പഠിത്തം കഴിഞ്ഞ് നാട്ടില്‍ നിന്നും നേരെ ചുട്ടുപൊള്ളുന്ന ഗള്‍ഫിലേക്ക് അതും ചൂട് കഠിനമായ ജൂണ്‍ മാസത്തില്‍ എത്തിയ അയാള്‍ക്ക്, പൊരിവെയിലത്ത് 8 മുതല്‍ 10 മണിക്കൂറോളം നിന്ന് ജോലി ചെയ്യേണ്ടി വരുന്ന ' സൈറ്റ് സൂപ്പര്‍വൈസര്‍ ' പണി വിഷമകരവും അസഹ്യവുമായിരുന്നു.
ഒന്നു രണ്ടു മാസത്തിനകം ' ആട്ടോകാഡ് ' പഠിച്ചുകൊള്ളാമെന്നും അത് വരെ ശീതീകരിച്ച ഓഫീസില്‍ ഡ്രാഫ്റ്റ്സ്മാനായി പണി ചെയ്തോളം എന്ന അയാളുടെ ആവശ്യം ഈജിപ്തുകാരനായ സ്പോണ്സര് ഉള്‍ക്കൊണ്ടില്ലെന്ന് മാത്രമല്ല ആയിരത്തിയറുനൂറ് ദിര്‍ഹം ശമ്പളം പറഞ്ഞിരുന്നെങ്കിലും തൊള്ളായിരം ദിര്‍ഹം മാത്രമേ മാസം പ്രതി നല്കിയിരുന്നുള്ളു.
അവസാനം ഗത്യന്തരമില്ലാത്ത അയാള്‍ കമ്പനിയില്‍ നിന്നും ചാടി ഷാര്‍ജയില്‍ പൊങ്ങി. അവിടെ പരിചയത്തിലുണ്ടായിരുന്ന ഒരു സ്റ്റുഡിയോയില്‍ അസിസ്റ്റന്റായി ജോലി തുടങ്ങി.
വര്‍ഷം ഒന്ന് കടന്നുപോയി. നിരന്തര പരിചയത്തിലൂടെ അയാള്‍ സ്റ്റുഡിയോയിലെ ടെക്നിക്കല്‍ വര്‍ക്കുകളിലെല്ലാം നല്ല പ്രാവീണ്യം നേടിക്കഴിഞ്ഞിരുന്നു. തരക്കേടില്ലാത്ത ശമ്പളവും ലഭിച്ചിരുന്നെങ്കിലും 'വീസ്' പ്രശ്നം അയാളെ അലട്ടിയിരുന്നു. ഈയിടക്കാണ് പലപ്പോഴും സ്റ്റുഡിയോയില്‍ വരാറുള്ള ഒരു അറബിയുമായി അയാള്‍ കൂടുതലടുക്കുന്നത്. ഗള്‍ഫ് ജീവിതം അറബ്, ഉര്‍ദു ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാന്‍ അയാളെ പഠിപ്പിച്ചിരുന്നു. ഏതൊരാളാലും ആകര്‍ഷിക്കപ്പെടുന്ന സ്വഭാവ ഗുണമുള്ള അയാളില്‍ ആകര്‍ഷിക്കപ്പെടുന്ന സ്വഭാവഗുണമുള്ള അയാളില്‍ ആകൃഷ്ടനായ അറബി സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങുന്നതിനെക്കുറിച്ച് അയാളോട് സൂചിപ്പിച്ചു.
സാമ്പത്തിക ബാധ്യതകളെല്ലാം അറബി നോക്കിക്കൊള്ളാമെന്നും വര്‍ക്കിംഗ് പാര്‍ട്ണറായി താന്‍ നിന്നാല്‍ മതിയെന്നുമുള്ള അറബിയുടെ ഓഫറിന് മുന്നില്‍ ' വിസ' പ്രശ്നവും തീരും ചുളിവിലൊരു കച്ചവടക്കാരനുമാവാം എന്ന ആഗ്രഹത്തില്‍ വീണുപോയി.
അറബിയെ വിശ്വസിച്ച് ഉണ്ടായിരുന്ന ജോലിയും കളഞ്ഞു പിന്നാലെ പോയ അയാള്‍ ' ബുക്റ താല് ' ' ബഅദ് ' യൗമൈന് താല് തുടങ്ങിയ മധുര വചനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് മാസങ്ങള്‍ വെറുതെ കളഞ്ഞു. അറബിയുടെ ആജ്ഞയനുസരിച്ച് സ്റ്റുഡിയോ തുടങ്ങാനാവശ്യമായ പല സ്ഥലങ്ങളും കണ്ടെത്തിയെങ്കിലും അറബിക്ക് അതൊന്നും ഇഷ്ടപ്പെട്ടില്ല.
ഉണ്ടായിരുന്ന ജോലിയും പോയി, കയ്യിലുള്ള കാഷും തീര്‍ന്നു എന്ന ഘട്ടം വന്നപ്പോള്‍ അറബിയോട് ചോദിച്ചു ' നിന്നില്‍ പ്രതീക്ഷയര്‍പ്പിച്ച് എത്ര നാളാണ് ശമ്പള കിട്ടുന്ന പണിയില്ലാതെ കാത്തിരിക്കുക ' അറബി യാതൊരു കൂസലുമില്ലാതെ മറുപടി കൊടുത്തു. ' സ്റ്റുഡിയോ തുടങ്ങുന്നത് വരെ ഷാര്‍ജയിലെ റോളയില്‍ നടന്ന് കൊണ്ടിരിക്കുന്ന എന്റെ ബാര്‍ബര്‍ ഷോപ്പില്‍ സഹായിയായി നില്ക്കുക'
സ്വന്തമായി സ്റ്റുഡിയോ തുടങ്ങാനായില്ലെങ്കിലും വേണ്ടില്ല. അറബിയുടെ കൂടെ നിന്ന് ഒരു വിസ സംഘടിപ്പിച്ചെടുക്കണം എന്ന ആഗ്രഹിം മനസ്സിലുള്ളതിനാല്‍, മറ്റു ഗത്യന്തരമില്ലാത്ത അയാള്‍ ആയിരം ദിര്‍ഹം ശമ്പളസ്കെയിലില്‍ ബാര്‍ബര്‍ ഷോപ്പില്‍ 'അസിസ്റ്റന്റായി '
ഷാര്‍ജ റോളയിലെ റോഡില്‍ കൂടി അനേകായിരം വാഹനങ്ങള്‍ തലങ്ങും വിലങ്ങും പറന്നുപോയിക്കൊണ്ടിരുന്നു. അറബിയുടെ ബാര്‍ബര്‍ ഷോപ്പില്‍ ഒരു പാട് 'തലകള്‍' കയറിയിറങ്ങിക്കൊണ്ടിരുന്നു. ഒരു വര്‍ഷക്കാലമായി അറബിയുടെ പഞ്ചാര വാക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് മുടി വെട്ടിക്കൊണ്ടിരിക്കുന്ന അയാള്‍ ഇന്ന് നല്ലൊരു ബാര്‍ബറാണ്.
സ്റ്റുഡിയോ തുടങ്ങാനുമായില്ല. വിസ കാര്യങ്ങള്‍ അറബി ശരിയാക്കിത്തരുമെന്നുള്ള പ്രതീക്ഷയും ഏതാണ്ടസ്തമിച്ച വേളയിലാണ്, അനധികൃതമായി യു എ ഇ യിലുള്ള കുടിയേറ്റക്കാര്‍ക്ക് വിഷമമേതുമില്ലാതെ നാട്ടിലേക്ക് കയറിപ്പോകാന്‍ സാധിക്കുന്ന ' ആംനസ്റ്റി ' (പൊതു മാപ്പ്) ഗവണ്മെന്റ് പ്രഖ്യാപിച്ചത്.
നാട്ടില്‍ നിന്നും വന്ന് വര്‍ഷങ്ങളായ ആ സുഹൃത്ത് ഈ ചാന്‍സ് മുതലെടുത്തുകൊണ്ട് നാട്ടില്‍ പോകാന്‍ ചിന്തിച്ചു തുടങ്ങി. പക്ഷേ എങ്ങിനെ തിരിച്ചു വരും, വിസ വേണ്ടേ ? അപ്പോഴാണ് ബാര്ബന് ഷാപ്പിനടുത്ത് ' ലോണ്ട്രി ' നടത്തിക്കൊണ്ടിരുന്ന ഒരു കൊണ്ടോട്ടിക്കാരന്‍, ഒരു അറബി അജ്മാനില്‍ പുതുതായി ആരംഭിക്കുന്ന ബാര്‍ബര്‍ ഷോപ്പിലേക്ക് നല്ലൊരു ബാര്‍ബറെ കിട്ടിയാല്‍ മൂവ്വായിരം ദിര്‍ഹത്തിന് വിസ നല്‍കുമെന്നറിയിച്ചത്. ഉടനെ പോയി ആ അറബിയെക്കണ്ടു. അറബി പറഞ്ഞു. ' വിസ നല്‍കാം, പക്ഷേ ബാര്‍ബര്‍ മുസ്ലിമായിരിക്കണം, കൂടാതെ ഗള്‍ഫ് എക്സ്പീരിയന്‍സും വേണ്ടും ' തലമുടിയും താടിയും വെട്ടാന്‍ എന്തിന് ഗള്‍ഫില്‍ പ്രത്യേക എക്സ്പീരിയന്‍സ് എന്നാലോചിച്ച് പോയ ചങ്ങാതി, പക്ഷെ സമ്മതിച്ചു. നാട്ടിലെത്തിയ ഉടനെ പാസ്പോര്‍ട്ട് കോപ്പി എത്തിച്ചുകൊടുക്കാമെന്ന് പറഞ്ഞ് അഡ്വാന്‍സും കൊടുത്ത് ഔട്ട് പാസില്‍ വിമാനം കയറി.
അമുസ്ലിമായ നമ്മുടെ നായകന് തമിഴ്നാട്ടില്‍ നിന്നും മുസ് ലിം പേരില്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് ബാര്‍ബര്‍ വിസയില്‍ വീണ്ടും ' ദുബൈയിലെത്തി.'
അജ്മാനിലാരംഭിച്ച പുതിയ ബാര്‍ബര്‍ ഷോപ്പില്‍ അയാളെ കൂടാതെ ഒരു ബംഗ്ലാദേശുകാരന് കൂടി പുതുതായി വിസയിലെത്തിയിരുന്നു. മാസങ്ങള്‍ കടന്നുപോയെങ്കിലും ബിസിനസ് കുറവായ ബാര്‍ബര്‍ ഷോപ്പില്‍ നിന്നും രണ്ട് പേര്‍ക്കാവശ്യമായ വരുമാനമൊന്നും ലഭിച്ചില്ല. അത് കാരണം തന്നെ സ്പോണ്‍സറായ അറബി ശമ്പളം നേരെ കൊടുക്കാറുമില്ല.
കാര്യമായ പണിയൊന്നും ലഭിക്കാത്ത ബാര്‍ബര്‍ ഷോപ്പില്‍ രണ്ടാളുടെ ആവശ്യമില്ലെന്നും കൂടുതല്‍ എക്സ്പീരിയന്‍സും ഭാഷാ ജ്ഞാനവുമില്ലാത്ത ബംഗാളിയെ ഒഴിവാക്കുന്നത് നന്നായിരിക്കുമെന്നും ഇടയ്ക്കിടക്ക് അയാള്‍ അറബിയെ ധരിപ്പിച്ചു. അതല്ലെങ്കില്‍ ബംഗാളിയെ വെച്ച് മറ്റൊരു ഷാപ്പ് കുറച്ച് ദൂരെ തുടങ്ങുകയാണെങ്കില്‍ അത് അറബിക്ക് കൂടുതല്‍ പ്രയോജന (ഫായിദ)പ്പെടുമെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
അറബി ചിന്തിച്ചു. ശരിയാണ് രണ്ടാള്ക്കെന്തിന് വെറുതെ ശമ്പളം കൊടുക്കണം. അതുകൊണ്ട് ഒരാളെ അഥവാ ബംഗാളിയെ ഫുജൈറയിലുള്ള തന്റെ തക്കാളിത്തോട്ടത്തിലേക്ക് ജോലി ചെയ്യാന്‍ വിടാം.
ഒരാഴ്ച കഴിഞ്ഞ് കഫീല്‍ വന്ന് അയാളേയും ബംഗാളിയേയും കൂട്ടി ഫുജൈറ തോട്ടത്തിലേക്ക് പുറപ്പെട്ടു. അറബി ഭാഷയില്‍ കഫീല്‍ പറയുന്ന കാര്യങ്ങള്‍ വ്യക്തമായി ബംഗാളിക്ക് മനസ്സിലാകാത്തതിനാലാണ് ദ്വിഭാഷിയായി നമ്മുടെ നായകനെ കൂടെ കൊണ്ടുപോയത്.
പച്ചക്കറി തോട്ടത്തിലെത്തിയ അറബിയും സംഘവും അല്‍പ്പം വിശ്രമിച്ചതിനു ശേഷം, അവിടെ ചെയ്യേണ്ടുന്ന പണികളെന്തൊക്കെയാണെന്ന് അറബി ബംഗാളില്‍ പറഞ്ഞു. ഭാഷ വ്യക്തമായി തിരിയാത്ത ബംഗാളിയോട് ഉര്‍ദുഭാഷയില്‍ അയാള്‍ തര്‍ജമ ചെയ്തു കൊടുത്തുകൊണ്ടേയിരുന്നു.
അങ്ങനെ തോട്ടത്തില്‍ നടക്കവെ, അവിടെയുണ്ടായിരുന്ന ഒരു (യഹ് രിസ്) മണ്‍വെട്ടിക്ക് സമാനമായ ഉപകരണം കാണിച്ചു കൊണ്ട് അറബി ബംഗാളിയോട് അവിടെയൊരു കുഴി വെട്ടി ചാലുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. തന്നെ ബാര്‍ബര്‍ ഷോപ്പില്‍ നിന്നും തോട്ടത്തിലേക്ക് പറിച്ചു നടുന്നതില്‍ വലിയ താല്പര്യമില്ലായിരുന്ന ബംഗാളി അലസമായി യാതൊരു ഉന്മേഷവും കാണിക്കാതെ കുഴി വെട്ടാന്‍ ആരംഭിച്ചു. ബംഗാളിയുടെ ജോലി കണ്ട് സംതൃപ്തനാവാത്ത അറബി ദേഷ്യം പിടിച്ചപ്പോള്‍ നമ്മുടെ സുഹൃത്ത് ആ മണ്‍വെട്ടി വാങ്ങി ഇങ്ങനെയാണ് ജോലി ചെയ്യേണ്ടതെന്ന് വളരെ മിടുക്കോടെ ബംഗാളിക്കും അറബിക്കും കാട്ടിക്കൊടുത്തു. കൂടെ ഞാന്‍ നാട്ടില്‍ ഈ ജോലി ചെയ്തിട്ടുണ്ടെന്നും എന്റെ പിതാവിന് ഇതു പോലൊരു തോട്ടട്ടമുണ്ടായിരുന്നുവെന്നും വാചകമടിച്ചു. സുഹൃത്തിന്റെ ജോലിയിലും വാചകമടിയിലും സംതൃപ്തനായ അറബി ഉടനെ ' ഇന്ത ഖുവയ്യിസ്, ഇന്ത അഹ്സന്, ഇന്ത ഹീ ശുഗ് ല്ഹീന ' (നീയാണ് മിടുക്കന്, നീയാണ് ഈ പണിക്ക് പറ്റിയവന്, നീ തന്നെയാണ് ഇവിടെ ജോലി ചെയ്യേണ്ടവനും) എന്ന് പറഞ്ഞ് അയാളെ അവിടെ നിര്‍ത്തുകയും, ബംഗാളിയുടെ നേരെ തിരിഞ്ഞ് ' ഇന്ത ഹിമാര്, ഇന്ത മാ അല്റഫ്, ശൂഗ് ല്‍, ഇന്ത ഹല്ലാഖ് ' (നീ കഴുതയാണ്, പണിയറിയാത്തവനാണ്, നീ അമ്പട്ടന് മാത്രമാണ്) എന്ന് പറഞ്ഞുകൊണ്ട് ബംഗാളിയേയും കൂട്ടി മെര്‍സീഡിസ് പിക്കപ്പില്‍ കയറി പൊടി പാറിച്ചു കൊണ്ടു ഓടിച്ചുപോയി.
അന്തം വിട്ടു നിന്ന ചങ്ങാതി, മറ്റൊരു മാര്‍ഗ്ഗവും കാണാതെ കുറച്ചുകാലം ഫുജൈറയിലുള്ള ആ തോട്ടത്തില്‍ മണ്ണിനോടും, തന്റെ വിധിയോടും മല്ലിട്ടുകൊണ്ട് കഴിച്ചുകൂട്ടി.
ഈയ്യിടെ വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടിലേക്കു പോയ ആ സുഹൃത്ത് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ വെച്ച് എന്നെ കണ്ടപ്പോള്‍ പറഞ്ഞു. ` ഷാഫി ഈ ലോകമൊരു സ്റ്റേജാണ്, ഇവിടെ അരങ്ങിലും അണിയറയിലുമായി ഒരുപാട് വേഷങ്ങള്‍ കെട്ടിയാടിയാലേ ജീവിക്കാനാവൂ`.
പരിണാമം അയച്ചത് :ഷാഫി സിയാറത്തിങ്കര Posted on : 2011-11-20